2010, മേയ് 24, തിങ്കളാഴ്ച

ഒരിക്കല്‍ കൂടി

ഒരു നൂര്‍ അക്ഷരങ്ങളായ്‌
നിന്‍ രചനയില്‍ പിറന്നിടാം
എന്‍- കണ്ണീരില്‍ സ്വയം അലിഞ്ഞെങ്ങിലും
നിന്‍ തൂലികയില്‍ നിറഞ്ഞിടാം
നിന്റെ വിരലുകള്‍
ഇനിയൊരിക്കല്‍ ചലിച്ചിരുനെങ്ങില്‍
എന്‍ ശ്വാസം നിലക്കുവോളം
നിന്റെ ചുണ്ടിലെന്‍ ജീവശ്വാസവും
പകര്‍ന്നിടം
പ്രിയേ, നീ ഒരിക്കല്‍ കൂടി
എന്നെ സ്മരിച്ചിരുന്നെങ്ങില്‍?

2010, മേയ് 18, ചൊവ്വാഴ്ച

പരിഭവങ്ങള്‍

എന്‍റെ നേരമ്പോക്കുകള്‍ പോലും
നിനക്കേകാന്‍ കഴിവില്ല പൊന്നേ
കഴിവുള്ളതീ- പരിഭവങ്ങള്‍ മാത്രം
നീയും ഞാനും പിരിഞ്ഞിരിക്കുമീ
നിമിഷങ്ങള്‍മുഴുക്കെ ചമച്ചു കൂട്ടുന്ന
പരിഭവങ്ങള്‍
ഇനിയൊരിക്കല്‍ കൊതിയോടെ നീ
അണയുമെന്ഗില്‍ എന്‍റെ മാറില്‍
നിനക്കേകാന്‍ അറിയില്ല മറ്റൊന്നും
ഈ പരിഭവങ്ങളെ  തവരെ

ഇത് നീ അറിയുമ്പോള്‍ അരുത്
മോളെ എന്നോട് പരിഭവം...

2010, മേയ് 17, തിങ്കളാഴ്ച

ചൂട്

നല്ല ചൂടുണ്ടിവിടം
എങ്കിലും,
നീ  അരുകിലെങ്കില്‍
വിയര്‍പ്പതും സുകമല്ലോ

2010, ഏപ്രില്‍ 13, ചൊവ്വാഴ്ച

എന്‍റെ വേദന

ആത്മ നിന്നയാണ്‌ എന്‍റെ വേദനകളില്‍ ഏറെയും. ചിലത് ശാരീരികം. കുറച്ചു തോന്നലുകള്‍. പക്ഷേ നിത്യവും ഞാന്‍ വേദനിക്കുന്നു.
ആത്മ നിന്ന എന്ന് പറഞ്ഞത് മരിക്കുമെന്നുള്ള ഭയമുള്ളത് കൊണ്ടാണ്. ഇപ്പോള്‍ മരിക്കാന്‍ രോഗങ്ങളോ പീടനമോ ഒന്നുമില്ല. പക്ഷേ ഉടനെ മരിച്ചാല്‍ എന്ത് സംഭവിക്കും, എനിക്കല്ല, എന്‍റെ പ്രിയപ്പെട്ടവര്‍ക്ക്, എന്നുള്ള ഭയം, ആദി, തോന്നല്‍.
അതെങ്ങനെ ആത്മ നിന്നായി എന്ന് ആരും ചോദിക്കാതെ തന്നെ ഞാന്‍ തിരക്കും.
അവള്‍ പറഞ്ഞു, എനിക്ക് ആരോടും കടപ്പാടില്ലെന്നു, ഞാന്‍ അഹങ്കാരിയാണെന്ന്. അല്ലായിരുന്നെങ്ങില്‍ മരണം എന്നെ അലട്ടില്ലായിരുന്നു.
ഒരുപക്ഷെ അവള്‍ ശെരിയാണ്‌. എനിക്ക് എന്‍റെ ജീവിതത്തെ കുറിച്ചുള്ള ആവലാതി മാത്രം. എന്നെ ചുറ്റിപ്പറ്റി, ഞാന്‍ അറിഞ്ഞും അറിയാതെയും എന്നെ ആശ്രയിക്കുന്നവരെ ഞാന്‍ ഉള്ളുകൊണ്ട് അവഗണിക്കുന്നു.
അപ്പോള്‍ അവഗണിക്കുക എന്നത് ആത്മ നിന്നയകുന്നു. അവഗണിക്കപ്പെടുന്നവര്‍ നിന്നിതരാകുന്നു. അവരുടെ പ്രതീക്ഷകള്‍, സ്വപ്നം, സ്വപ്‌നങ്ങള്‍, ദുരന്ധമായി മാറുന്നു.
ആത്മ നിന്ന മരിക്കാന്‍ പ്രേരിപ്പികുമോ? അതിതുവരെ അറിഞ്ഞിട്ടില്ല. ഇനി അങ്ങനെയെങ്ങില്‍.
ആത്മ ഹൂതി ചെയ്തു ഞാന്‍ ഇല്ലാതാകുമ്പോള്‍ എന്നെ അസ്രയിച്ചവര്‍, അല്ലെങ്ങില്‍ വെറുതെ സ്നേഹിച്ചവര്‍, അതുമല്ലെങ്ങില്‍ ഒന്നറിഞ്ഞവര്‍ പ്രതീക്ഷ ഇല്ലാത്തവരാകുന്നു. അത് മനുഷ്യന്റെ പരാജയമാണ്.
ഇത്രയധികം എന്തിനു. ആത്മ നിന്ന ആത്മ ഹൂതിയിലേക്ക് നയിച്ചില്ലെങ്ങില്‍ അതും പരാജയം.
എവിടെയാണ് പോംവഴി. നിന്നിക്കാതിരിക്കം, നമ്മുടെ ആത്മാവിനെ.

2010, ഫെബ്രുവരി 8, തിങ്കളാഴ്ച

പെണ്ണുകാണല്‍

ശരത്തിന്റെ ജോലി ഒരു വല്ലാത്ത ജോലിയാ, രണ്ടു വര്ഷം കൂടുമ്പോള്‍ വീട്ടില്‍ വന്നാലായി. ജോലി സ്ഥലത് ആണെങ്കില്‍ ആകെയൊരു വീര്‍പ്പുമുട്ടലാണ്‌. പെണ്ണുങ്ങളില്ല.
അതിലെന്താ ഇത്ര വലിയ കാര്യം എന്ന് ചോദിക്കല്ലേ. ചോദിച്ചാലും അവന്റെ അമ്മാമന്‍ കേള്‍ക്കരുത്.
`ചി, പെണ്ണില്ലാതെ എന്‍റെ മരുമകന്‍....കണ്ട..സായിപ്പന്മാരെ പോലെ ആണുങ്ങളെ തന്നെ പിടിക്കണോ.' ഇതാ ഇപ്പോ ഉണ്ണി പിള്ളയുടെ ഭാഷ്യം. വയസ് എഴുപത് കഴിഞ്ഞിരിക്കുന്നു, പക്ഷേ ഏതോ പത്രത്തില്‍ വായിച്ചത്രേ, ആണുങ്ങള്‍ പരസ്പരം കെട്ടുന്നു, പെണ്ണുങ്ങള്‍ തമ്മില്‍ ഉമ്മ വെക്കുന്നു. `അയ്യേ, പ്രകൃതി വിരുദ്ധന്‍-മാര്‍.'
പട്ടാളത്തില്‍ ആണെങ്കിലും ഉണ്ണി മാമനെ ശരത്തിന് പേടിയാ.
`ഡാ, അടുത്ത വരവിനു കേട്ട് കഴിഞ്ഞു പോയാല്‍ മതി, കേട്ടോടാ,' എന്നും പറഞ്ഞു അവന്റെ തുടയില്‍ ഒരു നുള്ളും കൊടുത്തു നടക്കും. ഒരു പട്ടാളക്കാരനെ ശകാരിച്ച ഗര്‍വ്വോടെ.
ഏതായാലും ശരത് ഇക്കുറി വരുമ്പോള്‍ പെണ്ണ് കാണാന്‍ പോകുന്നുണ്ട്. വയസ് മുപ്പതായി, അതുകൊണ്ട് പെണ്ണ് കിട്ടാനും പ്രയാസമാ എന്ന് ബ്രോകെര്‍ നാരായണന്‍ കുട്ടി പറഞ്ഞപ്പോള്‍, `ചി, മരപ്പട്ടി, നിന്റെ അപ്പനല്ല പെണ്ണ് കാണാന്‍ പറഞ്ഞത്.'
ഏതായാലും, രണ്ടു വര്‍ഷത്തെ തിരക്കിനൊടുവില്‍ ശരത് നാളെ എത്തും. എത്തി പിറ്റേന്ന് തന്നെ പെണ്ണ് കാണാന്‍ പോകണം എന്ന് കല്പ്പനയുണ്ട്. 
-------------------------------------
പട്ടണക്കാടില്‍ അന്ന് നല്ല മഴയായിരുന്നു. ശരത് തീവണ്ടിയിറങ്ങി പോയത് അജിയുടെ വീടിലോട്ടാണ്. അജി അവന്റെ വളരെ പഴയ ചങ്ങാതിയാണ്. അവര്‍ ഒരുമിച്ച് പള്ളി സ്കൂളില്‍ പഠിച്ചു. ഒരുമിച്ച് പ്രീ ഡിഗ്രിക്ക് പോയി. അന്നവര്‍ ഒരുമിച്ച് പലതും ചെയ്തു. പിന്നെ ശരത് പട്ടാളത്തില്‍ പോയി, അജി നാട്ടില്‍ ഒരു തുണിക്കട തുറന്നു. 
`ശരത് എപ്പോ എത്തി'
`ദ ഇപ്പോ വരുന്ന വഴിയാ, അവനെന്തേ?'
`കടയില്‍ പോയി. ആം പിന്നെ ഇക്കുറി കല്യാണം ഉണ്ടാകുമല്ലെ, അമ്മ പറഞ്ഞു'
`അറിയില്ല, ഉണ്ണി മാമന്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു....നോക്കാം'
`ശെരി, പെട്ടെന്ന് ചെല്ല്,' ശാരി അവനെ നോക്കി പറഞ്ഞു. അജിയുടെ ചേച്ചിയാ. ശരതിനോട് എന്തോ ഒന്ന് അവള്‍ക്ക് ഉള്ളതായി പലപ്പോഴും തോന്നിയിരുന്നു. നോട്ടവും, പരുങ്ങലും, പരിഭവവും. അവന്‍ അത് ഒഴിവാക്കി. അതിലവന് കുറ്റബോധം തോന്നിയിട്ടില്ല. അവള്‍ക്ക് പക്ഷേ. എന്തായാലും, അവളിന്നൊരു ഭാര്യയാണ്, അമ്മയാണ്.
വീട്ടു വളപ്പില്‍ ഒരു പെരയുണ്ടായിരുന്നു. ഒരുപാടു കായ്ച്ചിരുന്ന, ചുവന്ന ഉള്വശമുള്ള പഴങ്ങള്‍. ഇന്നതില്ല. ശാരിയുടെ കല്യാണത്തിന് പന്തലിടാന്‍ വന്നവര്‍ അത് വെട്ടി. പിന്നീടവള്‍ക്ക് കുഞ്ഞുണ്ടായപ്പോള്‍, അവളുടെ അച്ഛന്‍ പന്തലുകരെ പ്രാകി. 
`അല്ല ഇതാര്, അളിയാ എപ്പോ എത്തി?'
കുമാരേട്ടന് ഒരു മാറ്റവുമില്ല. ആകെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വേഷത്തില്‍ മാത്രം. പണ്ട് ഷര്‍ട്ട്‌ ഇല്ലാതെ പന്ത് കളിച്ചിരുന്നയാല്‍ ഇന്ന് `മെസ്സി' എന്നെഴുതിയ `ബാര്‍സിലോന' കുപ്പായം ഇട്ടാ നടപ്പ്.
`വരുന്ന വഴിയാ, അജിടെ വീടിലൊന്നു പോയി'
`ആ, അവന്‍ ഇപ്പോ ടൌണില്‍ പോയിട്ടുണ്ട്. ഇന്ന് വൈകിട്ട് അടിയുണ്ട്. സാധനം കൊണ്ട് വന്നിട്ടില്ലേ'
`ആം, ഉണ്ട്'
`അയ്യോ, എനിക്ക് വയ്യാ. അപ്പൊ വൈകിട്ട് കാണാം. കളിയുണ്ട്'
`ഓക്കേ'
കുമാറേട്ടന്‍ ഓടി പോകുന്നത് നോക്കിയവന്‍ നിന്നു. പണ്ട് അവരുടെ ആരാധന പാത്രമായിരുന്നു. നല്ല ഒന്നാം തരാം ഫുട്ബോള്‍ കളികാരന്‍. ചീട്ടുകളി വിരുതന്‍. പിന്നെ ഒന്ന് കൂടിയുണ്ട് അവര്‍ക്കിടയില്‍. പണ്ട് പ്രീ ഡിഗ്രി പഠിക്കുമ്പോള്‍ അജിയും അവനു കട്ട്‌ ചെയ്തു രാധയില്‍ ഉച്ച പടത്തിനു പോയിരുന്നു. അവിടെ കൊട്ടകയുടെ ഇരുളില്‍ അവര്‍ കുമാരേട്ടനെ കാണും. ഒളിച്ചിരിക്കും. പടം തീരും മുന്‍പേ ഇറങ്ങി പോരും. അന്നൊരിക്കല്‍ കുമാറേട്ടന്‍ പിടികൂടി. 
`എന്താടാ ഇവിടെ?'
ശരത് ആകെ പരുങ്ങി. അജി അന്നേ കേമനായിരുന്നു. വാക്കുകൊണ്ട് കസര്‍ത്ത് കാട്ടാന്‍ മിടുക്കന്‍.
`ഒന്ന് പോ കുമാരേട്ടാ, നല്ല പീസാ, നിങ്ങള് വന്നേ ഞാന്‍ ടിക്കറ്റ്‌ എടുക്കാം'
സംഗതി ഏറ്റു. പിന്നെ അവരും കുമാരേട്ടനും സ്ഥിരമായി. 
ശരത്തിന് ചിരി വന്നു.
കവലയില്‍ വടക്ക് ഭാഗത്ത് രണ്ടാമത്തെ കടയായിരുന്നു അജിയുടെത്‌. `ശാരി റെഡിമേട്സ്'
ഉച്ചയായത് കൊണ്ട് കവലയില്‍ ആളുകള്‍ കുറവായിരുന്നു. കണ്ടവരെല്ലാം സലാം ചൊല്ലി. കടക്കുള്ളില്‍ പ്രതീക്ഷിച്ചപോലെ അജി ഇല്ലായിരുന്നു. തിരിച്ചു ഇറങ്ങാന്‍ ഭാവിച്ചപ്പോള്‍
`എന്താ ചേട്ടാ വേണ്ടത്?'
സുന്ദരിയായ ഒരു കുട്ടി. അവനു മടങ്ങാന്‍ തോന്നിയില്ല. ചമ്മാതെ എന്തെങ്കിലും ചോദിക്കണം.
`അജി ഇല്ലേ?'
`ശരത് അല്ലെ, എന്നെ മനസിലായില്ലേ?'
ആകെ ചമ്മലായി പരിചയമുള്ള ആരോ. 
`ഇല്ല, മനസിലായില്ല. സോറി'
`അത് സാരമില്ല. ഒര്മയുണ്ടാകാനും വഴിയില്ല. നമ്മള്‍ പണ്ട് `വിന്നേര്സില്‍' ട്യുഷന്‍ പഠിച്ചിരുന്നു. ഓര്‍മ്മയുണ്ടോ? ലക്ഷ്മി'
`ആം, അയ്യോ, ക്ഷമിക്കണം എത്ര കാലമായി. സോറി'
അവനു ഒരു പിടിത്തവും കിട്ടിയില്ല. ഇതു ലക്ഷ്മി. ശോ. 
അവള്‍ അധികം ബുദ്ധിമുട്ടിച്ചില്ല. `അജി ഇപ്പോ വരും'
`ആം, കുഴപ്പമില്ല....ലക്ഷ്മി ഇപ്പോ...എന്ത് ചെയ്യുന്നു?
`കണ്ടിട്ട് മനസിലായില്ലേ. ദ ഇവിടെ' അവള്‍ ചിരിച്ചു. അവനും. പക്ഷേ, ചോദ്യങ്ങള്‍ എന്തൊക്കെയോ. അവള്‍ സുന്ദരിയായിരുന്നു എന്നത് തന്നെ കാര്യം. ശേ. എന്താ ചോദിക്കേണ്ടത്. അവന്‍ ആകെ കുഴഞ്ഞു.
`ഡാ, മരപ്പട്ടി'
ശരത് ആകെ വിരണ്ടു പോയി. ഒരു വെടി ഏറ്റത് പോലെ അവന്‍ നിന്നു. 
`ഡാ, കുരുത്തം കേട്ടവനെ. വന്നാ വീട്ടില്‍ കേറാതെ ചന്ത നിരങ്ങി നടക്കുവനോട മ..മ..മ..മോനെ'
`അയ്യോ, അമ്മാമ ഞാന്‍ ഇപ്പോ വന്നതേ...ഉള്ളു..പോകുവാ....ഐ മീന്‍...വീടിലോട്ട്'
`എന്നാ പോടാ'
ശരത് ഇറങ്ങി നടന്നു. അത് നടപ്പല്ല ഓട്ടമായിരുന്നു. പെടിചോട്ടം. പക്ഷേ, ലക്ഷ്മിയോട് ഒന്നും പറയാതെ. അവളുടെ മുന്നില്‍ വെച്ച്. ഛെ. അയ്യേ. അവളുടെ മുഖം അവന്റെ മനസ്സില്‍ നിറഞ്ഞിരുന്നു. അവന്‍ കുറ്റ ബോധത്തോടെ നടന്നു. അല്ല ഓടി.                                                            
----------------------------------
ശരത് വീട്ടുവളപ്പില്‍ എത്തി. മുറ്റത് അമ്പിളിയും ഉണ്ണിയും അറിവില്ലാത്ത പ്രായത്തില്‍ അച്ഛനും അമ്മയുമായി മാറിയിരിക്കുന്നു. കഴിഞ്ഞ വരവില്‍ അവന്‍ ഇന്‍ഡോറില്‍ നിന്നു വാങ്ങിയ ചെമ്പന്‍ മുടിയുള്ള ആ പവക്കുട്ടിയാണ് അവരുടെ മകള്‍.
വരാന്ദയില്‍ അമ്മയും രാധാമ്മയും ഇരിപ്പുണ്ട്. ദൂരെ നിന്നു തന്നെ കേള്‍ക്കാം അമ്മയുടെ ചിരി. പാരമ്പര്യമായി കിട്ടിയതായിരിക്കണം. ഉണ്ണി മാമന്‍ അലറുന്നതും അമ്മ അട്ടഹസിക്കുന്നതും കേട്ടാല്‍ `ആദിവാസികളുടെ ഉത്സവമാ' എന്ന് സുമേഷ് പറയാറുണ്ട്. സുമേഷ് ഉണ്ണി മാമന്റെയും രാധാമ്മയുടെയും ഒരേയൊരു മകന്‍.
അവന്റെ കല്യാണം കഴിഞ്ഞു, തുറവൂരിന്നാണ് കെട്ടിയത്.
                                                                                                       ( തുടരും .....)

2010, ഫെബ്രുവരി 7, ഞായറാഴ്ച

എന്‍റെ മലയാളം


സുഹൃത്തുക്കളെ , നമ്മള്‍ മലയാളികളെന്താ ഇങ്ങനെ? എങ്ങനെ? എവിടെയും എത്തിപ്പെടും, ആരുമായും ചങ്ങാത്തം കൂടും, എന്തും ചെയ്യാന്‍ സന്നദ്ധരാകും, പക്ഷേ, ഒന്നിലും മനസര്‍പ്പിക്കില്ല. എതിരഭിപ്രായം ഉണ്ടാകാം, വേണ്ടെന്നു പറയുന്നില്ല, എങ്കിലും ഒന്ന് ചിന്തിക്കു.
ഐ ടി മേഖലയില്‍, ബാങ്കിങ്ങില്‍, നേര്സിംഗ്, ടീച്ചിംഗ്, ഫുട്ബോള്‍, ആക്ടിംഗ്, എന്നുവേണ്ടാ ഇതു രംഗത്തും നമ്മളുണ്ട്. പലപ്പോഴും നമ്മള്‍ മലയാളികള്ളല്ല `മല്ലു' എന്ന് വിളിക്കപെടുന്നു, പരസ്പരം പോലും അങ്ങനെ അഭിസംബോദന ചെയ്യുന്നു. 
അതില്‍ എന്താ തെറ്റെന്നു ചോദിക്കാം.
എങ്കില്‍ പറയട്ടെ. മലയാളികള്‍ നിരവാദി കുടിയേറി പരക്കുന്നുണ്ട് വിദേശത്തും, ഇന്ത്യയില്‍ തന്നെ മറ്റു പല നഗരങ്ങളിലും, അവരുടെ മക്കളില്‍ `ഞങ്ങളുടെ പൂര്‍വികര്‍ മലയാളികള്‍, ഞങ്ങളും മലയാളികള്‍' എന്ന് പറയാന്‍ ആഗ്രഹിക്കുകയെങ്ങിലും ചെയ്യുന്നവര്‍ എത്രയുണ്ടാകും.
ഞാന്‍, ഭാഷയുടെ, ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യത്യാസം ഉണ്ടാക്കുകയല്ല. എന്റെ ഉദ്ദേശ്യം തികച്ചും ലളിതമാണ്, സ്വന്തം വേരുകള്‍ അറ്റുപോകുന്ന ഒരു സാഹചര്യം നമ്മള്‍ ഉണ്ടാക്കരുത്. കഴിയുമ്പോഴൊക്കെ, നമ്മുടെ ഭാഷയെ, ഭക്ഷണ രീതികളെ, കലാരൂപങ്ങളെ, കായിക കേളികളെ, സ്മരിക്കുകയും പങ്കുവെയ്ക്കുകയും മാത്രം ചെയ്യുക. 
ഇത് ഒരു മലയാളി മറ്റൊരു മലയാളിയോട് കാണിക്കുന്ന മലയാളിതമായി മാത്രം കരുതുക.
 

2010, ഫെബ്രുവരി 4, വ്യാഴാഴ്ച

വാര്‍ഷികം

--(ഒന്ന്)--
അന്നവരുടെ വാര്‍ഷികമായിരുന്നു. എന്തിന്റെ എന്ന് ചോദിച്ചാല്‍...?
അവള്‍ പറയും, `ഓര്‍മ്മയുണ്ടോ? കഴിഞ്ഞ വര്ഷം ഇന്നേ ദിവസമായിരുന്നു ബാബു എന്നെ ആദ്യമായി തൊട്ടതു.'
അവനുണ്ടോ സ്ഥലകാല ബോധം. `ഉം, ഓര്‍മയുണ്ട്.'
പെയ്യാതെ പുകഞ്ഞു മറിയുന്ന ആ വേനല്‍ സന്ധ്യയില്‍ അവള്‍ നന്നേ വിയര്ത്തിരുന്നു. അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് അവന്റെ വരണ്ട ചുണ്ടുകള്‍ക്ക് കുളിരേകി. 
അപ്പോള്‍ അവള്‍ കണ്ണുകള്‍ മയക്കി. അവന്‍ ചോദിച്ചു, `എന്നെ നീ എത്ര സ്നേഹിക്കുന്നു?'
ആ ചോദ്യം അവളെ അസ്വസ്ഥയാക്കി. `എനിക്കറിയില്ല.'
`എന്നെ ഇഷ്ടമല്ലേ?'
`അങ്ങനെയല്ല, ബാബു എന്‍റെ ജീവനാണ്. എനിക്ക് ഒരുപാട് ഇഷ്ടമാ.'
`എങ്കില്‍ പറ, എത്രയുണ്ട് ഇഷ്ടം...
`ഇത്ര? (അവന്‍ കരങ്ങള്‍ ഒരു ഗോളമായ് മാറ്റി)'
`ഇത്ര, (അവള്‍ ഇരു കൈകളും ആകുവോളം വിടര്‍ത്തി)'
അവന്‍ മുന്നോട്ടാഞ്ഞ്‌ അവളുടെ ചുണ്ടില്‍ ചുംബിച്ചു.
അവര്‍ക്ക് കുളിരേകാന്‍ പുല്‍നാമ്പുകള്‍ വിശരിയായി.


---(രണ്ടു)---
ഇന്ന് ഒരു വാര്‍ഷികമാണ്. ബാബുവിന് മായയില്‍ ജനിച്ച മകളുടെ പിറന്നാള്‍.
അവള്‍ക്കു ഒരു വയസ്സായി. 
തന്റെ കുഞ്ഞിന്റെ നുണക്കുഴിയുള്ള കവിളുകലെനോക്കി അവന്‍ പറയും `മേരിയുടെ മുഖമാ നിനക്ക്' (ആരും കേള്‍ക്കാതെ)
`നിങ്ങള്‍ കുഞ്ഞിനെ ഒന്നെടുത്തെ, നിലത്തു കിടന്നു മോള്‍ടെ ദേഹം മുഴുവന്‍ മണ്ണായി.'
`കുറച്ചു മുന്‍പാ കുളിപ്പിച്ചത്, എനിക്ക് നൂറുകൂട്ടം പണിയുണ്ട്, നിങ്ങളുടെ കൂടുകാര്‍ വരുമ്പോള്‍ സധ്യ കൊടുക്കണ്ടേ.'
`അമ്മയെ കൊണ്ടുവരാം എന്ന് പറഞ്ഞതല്ലേ. ആര് കേള്‍ക്കാന്‍.'
`നിങ്ങള്‍ കൊച്ചിനെ എടുക്ക് മനുഷ്യ.'
ചൂളം വിളിച്ചു ദൂരം പോകുന്ന ഒരു തീവണ്ടി പോലെ അവള്‍ ഓളിയിട്ടു നടന്നു മാറും.
മൂകമല്ലോ മനോഹരം എന്നഭാവത്തില്‍ അവന്‍ കുഞ്ഞിനെ എടുത്ത് നടന്നു.


---(മൂന്ന്)---
`അഞ്ജു, മോളെ, ഇങ്ങു വന്നേ.'
`മോളു.'
അവള്‍ ഓടിയെത്തി. അച്ഛന്റെ കയ്യില്‍ ഒരു പൊതിയുള്ളത് അവള്‍ ദൂരെനിന്നെ കണ്ടിരുന്നു.
`എന്‍റെ അച്ഛ, എന്താ വിളിചിട്ടെടുക്കാഞ്ഞേ? ഞാന്‍ ശെരിക്കും പേടിച്ചു.'
`അച്ചട ഫോണ്‍ സൈലന്റ് ആയിരുന്നു, കണ്ടില്ലെടി ചക്കരെ'
ബാബു തന്റെ മകളുടെ നെറുകയില്‍ ചുംബിച്ചു. തന്റെ കയ്യിലെ പോതിയവള്‍ക്ക് നല്‍കി.
`ഹയ്യ, എന്താ അച്ചേ ഇത്?'
`നോക്ക്.'
തിടുക്കത്തില്‍ അവളതു തുറന്നു.
`അച്ചേ' അവള്‍ ആനന്ദത്താല്‍ കുതിച്ചു ചാടി.
തന്റെ കവിളില്‍ തിടുക്കത്തില്‍ ഒരു മുത്തമിട്ടു അവള്‍ ഓടിപ്പോയി.
`അമ്മേ ഇത് കണ്ടോ എനിക്ക് സാരി. ല ല ല ലാലാ ലാലാ.'
അഴുക്കാകാതെ കൊണ്ടേ വെയ്, നാളെ ബര്ത്ഡേക്ക് ഇടാം.
`പറ്റില്ല, ഞാന്‍ ഇപ്പൊ ഒന്നുടുത്തു നോക്കട്ടെ.'
`നീ അടിവാങ്ങും അഞ്ജു.'
`വയസ്സ് പതിനെട്ടായി അനുസരണ ഇല്ല, അഞ്ജു നീ അടിവാങ്ങും.'


---(നാല്)---
`ജിമ്മി, എന്താ ഇങ്ങനെ നോക്കുന്നേ?'
`വെറുതെ'
`എനിക്ക് ജിമ്മിയെ ജീവനാ.'
`എനിക്കറിയാം.'
അവളുടെ മുടിയിഴകളില്‍ അവന്‍ തലോടി.
കൊതിയോടെ, ലജ്ജയോടെ അവന്റെ തോളില്‍ അവള്‍ ചാഞ്ഞിരുന്നു.
`എന്‍റെ അച്ഛ പാവമാ, അമ്മക്ക് അച്ചയോടു ഒരു സ്നേഹവുമില്ല.'
`എന്‍റെ അച്ഛ പാവമാ' അവള്‍ വിതുമ്പി. 
അവനൊന്നും പറഞ്ഞില്ല. തന്റെ അച്ഛനെ പോലുമവന്‍ അറിഞ്ഞിരുന്നില്ല. ഒരുപക്ഷെ അതിനുള്ള അര്‍ഹത ആ മനുഷ്യന് അവന്‍ നല്‍കിയിരുന്നില്ല.
നാല്‍പ്പതുകളില്‍ അറുപതു വയസ്സ് തോന്നുന്ന തന്റെ അമ്മയുടെ മുതുകിലെവിടയോ അച്ഛന്റെ പുരുഷത്തം പകര്‍ന്നേകിയ അടയാളങ്ങള്‍ ഉണ്ടാകാം. അവനതു കണ്ടിട്ടില്ല. പക്ഷേ, തന്റെ അമ്മയുടെ കണ്ണുകളില്‍ നഷ്ടപ്പെട്ട എന്തോ അവന്‍ കണ്ടെത്താതെ തിരഞ്ഞുകൊണ്ടിരുന്നു.
`ഇന്നെന്റെ അമ്മയുടെ വിവാഹ വാര്‍ഷികമാണ്'
അവന്റെ കണ്ണുകള്‍ നിറഞ്ഞു. 
`എന്‍റെ ജിമ്മി എന്തിനാ കരയണേ?'
`നിനക്കറിയില്ല. എനിക്കുമറിയില്ല പക്ഷേ എന്‍റെ അമ്മ ഇന്ന് കരഞ്ഞു.'
`അതെന്തിന്, എന്താ അമ്മക്ക് പറ്റിയേ?'
`എനിക്കറിയില്ല, ഞാന്‍ ചോദിച്ചില്ല.'


---(അഞ്ചു)---
ഇന്ന് നല്ല മഴയുണ്ടാകും. കാറ്റില്ല, പക്ഷേ ആകാശം ഇരുണ്ടിരിക്കുന്നു. നല്ല ചൂടുണ്ട്.
അഞ്ജു കാത്തിരുന്ന് മടുത്തു. കലാലയത്തിന്റെ വിജനമായ മൈതാനതതിനരികിലൂടെ ജിമ്മി നടന്നു വരുന്നുണ്ട്.
അവള്‍ പിണക്കം ഭാവിച്ചു. 
`ഹേ, എന്താ പിണങ്ങിയോ.'
`പോ, കാണണ്ടാ.'
അവന്‍ ഒന്നും പറയാതെ അവളുടെ മുഖത്ത് തടവി.
`എനിക്ക് ഇന്ന് നല്ല സന്തോഷമാ.'
`എന്താ, ഞാന്‍ കാത്തിരുന്നു മടുത്തത് കണ്ടിട്ടാണോ?'
അവളുടെ കുട്ടിതമുള്ള കുറുംബിനെ അവനേറെ ഇഷ്ടപെട്ടിരുന്നു. ആ നുണക്കുഴികളില്‍ അവന്‍ സ്പര്‍ശിച്ചു.
`എന്‍റെ അമ്മക്കുമുണ്ട് നുണക്കുഴി' `പക്ഷേ ഇന്ന് വരെ ഞാനത് കണ്ടിരുന്നില്ല.'
അവന്റെ മുഖം വാടി. `എന്താ അത്, പറ ജിമ്മി'
`ഹേ ഒന്നുഇല്ല. അതേ ഇന്നമ്മ ചിരിച്ചു, അപ്പോഴാ അമ്മേട നുണക്കുഴി കണ്ടത്.'
അവള്‍ ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകളിലെ പ്രകാശം അവളുടെ കവിളുകളെ തുടുപ്പിച്ചു.
`എന്തിനാ അമ്മ ചിരിച്ചേ?'
`അറിയില്ല. ഇന്ന് എന്തോ അമ്മ വല്ലാതെ സന്തോഷത്തിലായിരുന്നു.'
`ഹായ്, ഇതുകൊള്ളം. എന്‍റെ അച്ഛനും ഇന്ന് ഭയങ്കര സന്തോഷത്തിലായിരുന്നു.'
`അതെന്താ?'
`ആ. എനിക്കറിയില്ല.'
അവളവനെ കെട്ടിപ്പിടിച്ചു. 
`എന്‍റെ ജിമ്മി, എനിക്കൊരു ഉമ്മ തരുമോ?'
`എന്ത് പറ്റി ഈ പെണ്ണിന്?'
`താ'
അവള്‍ പറഞ്ഞു തീരും മുമ്പേ അവളുടെ നെറ്റിയില്‍ അവന്‍ മുത്തമിട്ടു.
അവള്‍ നാണത്തോടെ അവന്റെ തോളില്‍ ചാഞ്ഞു.
`ജിമ്മി
`ഹും'
`എന്നെ എത്ര ഇഷ്ടമാ?'
`ഒരുപാടു'
`പറ'
അവന്‍ അവള്‍ക്കു മുന്നില്‍ എഴുന്നേറ്റു നിന്നു.
`ദാ ഇത്ര (അവന്‍ രണ്ടു കൈകളും ആകുവോളം വിടര്‍ത്തി)